Kerala
കേളകം: ചെട്ടിയാംപറമ്പിൽ പാമ്പുകടിയേറ്റ് പശു ചത്തു. മണ്ണാലയിൽ സാലിയുടെ പശുവിനെയാണ് വെള്ളിയാഴ്ച പുലർച്ചെ തൊഴുത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാലിൽ പാമ്പുകടിയേറ്റതായി കണ്ടത്. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞു.
Kerala
കൊല്ലം: പാമ്പ് കടിയേറ്റ് ചികിത്സിൽ കഴിഞ്ഞ കാഴ്ച പരിമിതിയുള്ളയാൾ മരിച്ചു. മൺറോ തുരുത്ത് സ്വദേശി രാജേന്ദ്രൻ(64)ണ് മരിച്ചത്.
അരിനെല്ലൂരിലെ മകളുടെ വീട്ടിൽ വച്ച് രാജേന്ദ്രനെ അണലി പാമ്പ് ആണ് കടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിൽ കയറിയ രാജേന്ദ്രൻ നിലത്ത് കിടന്ന വസ്ത്രം എടുക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്.
ആദ്യം കൊല്ലത്തെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചയോടെ മരണംസംഭവിക്കുകയായിരുന്നു.
Kerala
കാസർഗോഡ്: പാമ്പുകടിയേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത് - അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കൽ കോളജിൽ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു.
അപ്പോഴേക്കും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
District News
മുക്കം: പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുക്കത്ത് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
മുക്കം നഗരസഭയും സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ടുമെന്റുമായി ചേര്‍ന്നുകൊണ്ടാണ് പാമ്പുകടി പ്രതിരോധവും പ്രാഥമിക ചികിത്സയും എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചത്. മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ക്ലാസില്‍ തൊഴിലുറപ്പ് ജീവനക്കാര്‍, അങ്കണവാടി, ആശ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി ചാന്ദ്നി ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സണ്‍ സി.എ. പ്രദീപ് കുമാര്‍ അധ്യക്ഷനായിരുന്നു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ദിവ്യ കേശവന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എൻ. ബിജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍പ്പ ലൈസന്‍സ്ഡ് റസ്ക്യുവര്‍ അരുണ്‍ പ്രകാശ് ലാല്‍ ക്ലാസെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റാഷിദ് കുന്നത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി. ബിന്ദു എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള മരണങ്ങള് തടയുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ പദ്ധതി തയാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാമ്പുകടിയേൽക്കുന്ന കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും.
പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും. പാമ്പ് കടിയേറ്റ് കൂടുതല്‍ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്ളാഗ്ഡ് ഇന്‍സ്റ്റിറ്റ്യൂഷനായി കണക്കാക്കി കൂടുതല്‍ സൗകര്യങ്ങളൊരുക്കും.
151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്നേക്ക് വെനം ലഭ്യമാകും. സാമൂഹികാധിഷ്ഠിത നിരീക്ഷണത്തോടെ പാമ്പുകടികള്‍ റിപ്പോര്‍ട്ട് ചെയ്യും. ചികിത്സയുമായി ബന്ധപ്പെട്ട കാല താമസം പ്രത്യേകമായി നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കിളിമാനൂരില്‍ യുവതിക്ക് പാമ്പുകടിയേറ്റു. തൊളിക്കുഴി സ്വദേശി സരിത(26)ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ കാലില്‍ കടിയേല്‍ക്കുകയായിരുന്നു. കറുത്ത നിറത്തിലുള്ള പാമ്പാണ് കടിച്ചതെന്നാണ് യുവതി പറഞ്ഞത്. സരിതയെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
ആലപ്പുഴ: കായംകുളത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 42-കാരി സെലീന മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സെലീനയ്ക്ക് കൃത്യസമയത്ത് ആന്റി വെനം ഉൾപ്പെടെയുള്ള അത്യാവശ്യ ചികിത്സകൾ നൽകുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്ന് പിതാവ് സമീർ ആരോപിച്ചു. സംഭവത്തിൽ നീതി തേടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ പരിഗണനയോ ചികിത്സയോ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. പാമ്പ് കടിയേറ്റാൽ നൽകേണ്ട പ്രാഥമിക ഔഷധമായ ആന്റി വെനം നൽകുന്നതിൽ ആശുപത്രി അധികൃതർ കാലതാമസം വരുത്തിയെന്നാണ് പ്രധാന ആരോപണം.
എന്നാൽ സെലീനയെ എത്തിച്ചപ്പോൾ പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നില്ലെന്നും ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ഈ വാദത്തെ കുടുംബം പൂർണമായും തള്ളിക്കളഞ്ഞു.
Kerala
കൊച്ചി: കാലടി കാഞ്ഞൂരില്‍ പെണ്‍കുട്ടി പാമ്പ് കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രാവിലെ ചെടി നനക്കുമ്പോള്‍ ചെടിച്ചട്ടിയില്‍ നിന്നും പാമ്പ് പുറത്തേക്ക് വരികയായിരുന്നു.
കാഞ്ഞൂര്‍ സ്വദേശിയായ ഡേവിസ് എന്നയാളുടെ വീട്ടിലാണ് സംഭവം. ഡേവിസിന്റെ 11 വയസായ മകള്‍ വെള്ളം നനയ്ക്കുന്നതിനിടെയാണ് ചെടിച്ചട്ടിയില്‍ പാമ്പിനെ കണ്ടത്.
വീടിനോട് ചേര്‍ന്നുള്ള കാര്‍പോര്‍ച്ചിന് സൈഡിലുള്ള ചെടിച്ചട്ടിയില്‍ നിന്നാണ് പാമ്പ് ഇഴഞ്ഞു പോയത്. പാമ്പിനെ കണ്ടയുടന്‍ പെണ്‍കുട്ടി മറ്റൊരു ഭാഗത്തേക്ക് നീങ്ങിയതിനാല്‍ കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പാമ്പ് ഇഴഞ്ഞു പോയതിനാല്‍ ഏത് പാമ്പാണ് എന്നത് കണ്ടെത്താനായില്ല.
അതേസമയം, കോഴിക്കോട് കല്ലാച്ചിയിലും വിദ്യാര്‍ഥി പാമ്പ് കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വീഡിയോയും പുറത്തു വന്നിരുന്നു. ഇതിനിടെ സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാട്ടിലാണ് ഇന്ദിര (65) എന്ന വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചത്.
Kerala
കോഴിക്കോട്: നാദാപുരത്ത് പാമ്പു കടിയേൽക്കാതെ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയായ വിദ്യാർഥിയുടെ നേർക്കാണ് പാമ്പ് പാഞ്ഞടുത്തത്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്ന് മറന്നുവെച്ച സാധനങ്ങൾ എടുക്കാനായി എത്തിയ കുട്ടിക്ക് നേരെ പാമ്പ് പാഞ്ഞടുത്തു.
ഞൊടിയിടയിൽ ചാടി മാറിയതിനാൽ കുട്ടി പാമ്പ് കടിയേൽക്കാതെ രക്ഷപെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Kerala
ആലപ്പുഴ: പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുട്ടനാട് വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നിൽ വച്ചാണു വീട്ടമ്മയ്ക്ക് കടിയേറ്റത്.
ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒമ്പതരയോടെ മരണം സംഭവിച്ചു. മൂർഖൻ പാമ്പാണ് കടിച്ചതെന്നും വീട്ടമ്മയ്ക്ക് ആന്റിവെനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: ചൂടു രൂക്ഷമായ സാഹചര്യത്തിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പലയിടങ്ങളിലായി പാന്പുകടിയേറ്റു മൂന്നു വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതു ദുഃഖകരമാണ്. ഇതിൽ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് ദുഃഖത്തിന്റെ ആഴം കൂട്ടുന്നുവെന്നു മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കടുത്ത ചൂടു സഹിക്കാൻ കഴിയാതെ പാന്പുകളും പാന്പിൻ കുഞ്ഞുങ്ങളും മാളങ്ങൾ വിട്ടു പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്. വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തിൽ ആകർഷിക്കപ്പെടും. അവധിക്കാലത്ത കുട്ടികൾ പറന്പുകളിലും മൈതാനങ്ങളിലും കളിക്കുന്പോൾ ശ്രദ്ധിക്കണം. കളിയിടങ്ങളിലെ കുറ്റിക്കാടുകളും മറ്റും ഒഴിവാക്കണം. പരിസര ശുചീകരണം ശ്രദ്ധിക്കണം.
പാന്പുകളെ പിടികൂടി സുരക്ഷിതമായി കാട്ടിലേക്ക് വിടുന്നതിനായി വനം വകുപ്പ് പരിശീലിപ്പിച്ച 3600ഓളം ’സർപ്പ’ വോളന്റീയർമാർ സംസ്ഥാനത്ത് 24 മണിക്കൂറും സജ്ജമാണ്. ഈ സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വനം വകുപ്പിന്റെ 'SARPA' മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
ആലപ്പുഴ: കായംകുളത്ത് വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ചേരാവള്ളി വടക്കേതോപ്പില്‍ സെലീന(42) ആണ് മരിച്ചത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബന്ധുവിന്റെ വിവാഹ സത്കാരത്തിന് പങ്കെടുക്കാൻ പോയതായിരുന്നു സെലീന.
ആളൊഴിഞ്ഞ പറമ്പിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നു. വിവാഹ സത്കാരത്തിന് പിന്നാലെ വാഹനമെടുക്കാൻ പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയക്ക് പാമ്പുകടിയേറ്റു. വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷംനയ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിണറിന് സമീപത്ത് വച്ചായിരുന്നു പാമ്പുകടിയേറ്റത്.
കാലിന്റെ രണ്ട് സ്ഥലത്തായി പാമ്പുകടിച്ചതായാണ് പ്രാഥമിക നിഗമനം. ഷംനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പോത്തന്‍കോട് വിദ്യാര്‍ഥിനിയെ പാമ്പുകടിച്ചു.
വേങ്ങോട് സ്വദേശിനി ദുര്‍ഗ(18)യെ ആണ് പാമ്പുകടിച്ചത്. ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ദുര്‍ഗയ്ക്ക് പാമ്പുകടിയേറ്റത്. പെണ്‍കുട്ടി നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിന്‍കീഴ് അഴൂരിലുണ്ടായ സംഭവത്തിൽ മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന് ദിക്ഷല്‍ ആണ് മരിച്ചത്.
രാവിലെ നാലിനാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നാലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിന്നീട് മുറിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് കിടന്ന മുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ദിക്ഷലിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
വെഞ്ഞാറമൂട്: വീടിനുസമീപംവച്ച് പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു. കാരേറ്റ് പേടികുളം മേലതിൽ വീട്ടിൽ സുധർമ (75) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വീടിനു സമീപത്തെ കിണറിനടുത്ത് വച്ച് സുധർമയെ പാമ്പ് കടിക്കുകയായിരുന്നു.
കുഴഞ്ഞ് വീണ ഇവരെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മഞ്ചേഷ് ഏക മകനാണ്.
വേനൽ കടുക്കുന്നതോടെ പാമ്പുകൾ മാളങ്ങളിൽനിന്നും പുറത്തിറങ്ങാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും ആരോഗ്യ പ്രവർത്തകരും നിർദേശിച്ചു.
Kerala
തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചതിന് പിന്നാലെ വീടിന് ചുറ്റും തീയിട്ട് വനം വകുപ്പ്. പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെയാണ് വനം വകുപ്പ് തീയിട്ടത്.
വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വനംവകുപ്പ് നടപടി. ഞായറാഴ്ച പുലർച്ചെയാണ് ആൽജോ മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണകാരണം ശംഖുവരയന്റെ കടിയേറ്റതാണെന്ന് വ്യക്തമാക്കുന്നു.
ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അനോജ് നിലവിൽ വെന്റിലേറ്ററിലാണ്. നിർദേശങ്ങളോട് അനോഷ് പ്രതികരിക്കുന്നുവെന്നും വെന്റിലേറ്റർ സഹായം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് അബോധാവസ്ഥയിലായിരുന്ന സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത്.
Kerala
തൃശൂർ: പാമ്പുകടിയേറ്റ് എട്ടു വയസുകാരൻ മരിച്ച വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി. ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന് കുഞ്ഞിനെ കണ്ടത്. നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു.
കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന് ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആൽജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിൽ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിൽ കണ്ടെത്തിയിരുന്നു.
പാമ്പുകടിയേറ്റ ആല്‍ജോയുടെ സഹോദരന് അനോജ് അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലുമാണ് കുട്ടികൾ കിടന്നത്. പുലർച്ചെ രണ്ടോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു.
രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാമെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽനിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിയേറ്റിട്ടുണ്ടെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്.
ഇതിനു മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായി. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വീട്ടിൽ നടത്തിയ തെരച്ചിലിൽ കുട്ടികൾ കിടന്ന കിടക്കയിലെ തലയണയുടെ അടിയിൽനിന്നു പാമ്പിനെ കണ്ടെത്തുകയായിരുന്നു.
National
അമ്രോഹ: പാമ്പ് കടിയേറ്റതിനെ തുടർന്ന് മന്ത്രവാദിയുടെ നിർദേശപ്രകാരം 12 മണിക്കൂർ ഗംഗാ നദിയിൽ മുക്കിവച്ച 13കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അമ്രോഹയിലാണ് സംഭവം. പാമ്പുകടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കുടുംബം മന്ത്രവാദിയെ സമീപിക്കുകയായിരുന്നു.
മന്ത്രവാദിയുടെ നിർദേശം അനുസരിച്ച് കുടുംബം കൗമാരക്കാരനെ 12 മണിക്കൂർ നേരം മുളവടികളിൽ കെട്ടി ഗംഗാനദിയിൽ മുക്കിവയ്ക്കുകയായിരുന്നു. ഗംഗാ നദി കുട്ടിയെ സുഖപ്പെടുത്തുമെന്നായിരുന്നു മന്ത്രവാദി കുടുംബത്തെ വിശ്വസിപ്പിച്ചത്.
12 മണിക്കൂറിന് ശേഷം കുട്ടി അനങ്ങാതായതോടെയാണ് വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നത്. കുട്ടി മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ വീട്ടുകാർ മൃതദേഹം ഗംഗാ നദിയിലേക്ക് എറിയാനും ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ.
കുട്ടിയെ മുളവടികളിൽ കെട്ടി നദിയിൽ ഇട്ടിരിക്കുന്ന വീഡിയോ ഇതോടകം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ ഡ്യൂട്ടിയിലിരുന്ന പോലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനുള്ളിൽ വച്ച് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിന് ആണ് പാമ്പ് കടിയേറ്റത്.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. സ്റ്റേഷന്റെ ഒന്നാം നിലയില്‍ ജനലിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കൈവിരലില്‍ പാമ്പ് കടിയേറ്റത്. ഉടൻതന്നെ രഞ്ജിത്തിനെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രഞ്ജിത് ചികിത്സയിൽ തുടരുകയാണെന്ന് കിളിമാനൂർ പോലീസ് അറിയിച്ചു. പോലീസ് സ്റ്റേഷന് സമീപം തൊണ്ടി വാഹനങ്ങൾ ഉൾപ്പെടെ കാടുപിടിച്ച നിലയിലാണ്.
പാമ്പ് ഇവിടെ നിന്ന് ജനല്‍ വഴി കയറിയതാകാമെന്നാണ് നിഗമനം. എന്നാൽ ഏത് പാമ്പാണ് കടിച്ചതെന്ന് കണ്ടെത്താനായില്ലെന്നും പോലീസ് വ്യക്തമാക്കി.
National
മഥുര (ഉത്തർപ്രദേശ്): തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാന്പിനെ ജാക്കറ്റിലിട്ട് മുപ്പത്തിയൊന്പതുകാരൻ ആശുപത്രിയിൽ ചികിത്സയ്ക്കെത്തി. മഥുര സ്വദേശി ദീപക് ആണ് ഇന്നലെ ഡോക്ടറെ കാണിക്കാനായി പാന്പിനെ ശരീരത്ത് ഒളിപ്പിച്ച് എത്തിയത്.
കടിച്ച പാന്പ് ഏതാണെന്നു ഡോക്ടർ ചോദിക്കുന്നതും ഉടൻതന്നെ ജാക്കറ്റിൽനിന്നു പാന്പിനെ പുറത്തെടുക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആശുപത്രിയിലെത്തിയവരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തി അനുവദിക്കാനാവില്ലെന്നും പാന്പുമായി മുറിക്കു പുറത്തിറങ്ങണമെന്ന് ചീഫ് മെഡിക്കൽ ഓഫീസറും ഡോക്ടറും ദീപകിനോട് ആവശ്യപ്പെട്ടു. പിന്നീട് പോലീസിനെ വിളിച്ചുവരുത്തി പാന്പിനെ രക്ഷപ്പെടുത്തി.
അതേസമയം, കടിച്ച പാന്പിനെ ദീപക് വളർത്തുന്നതാണോ എന്നു സംശയിക്കുന്നതായും ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
മലപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുൻ(3) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.
ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂർഖൻ പാമ്പിന്റെ കടിയേറ്റതായാണ് ലഭിക്കുന്ന വിവരം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
ശ്രീകണ്ഠപുരം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന റബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു. ചുഴലി പൊള്ളയാട്ടെ കെ.പി. മുഹമ്മദ് കുഞ്ഞിയാണ് (65) മരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ മുഹമ്മദ് കുഞ്ഞിക്ക് ജോലിക്കിടെ അണലിയുടെ കടിയേൽക്കുകയായിരുന്നു.
ജീവൻ രക്ഷിക്കുന്നതിനായി രണ്ട് കൈകളും രണ്ട് കാലുകളും മുറിച്ചുമാറ്റിയിരുന്നു. ചികിത്സാ ചെലവിനായി കമ്മിറ്റി പ്രവർത്തിച്ചു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ഹാവ്വമ്മ. മക്കൾ: സുമയ്യ, സമീറ, സമീർ.
Kerala
ആലപ്പുഴ: അരൂരില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ചു. അരൂര്‍ കോതാട്ട് ദുനീപിന്റെ ഭാര്യ നീതു(32) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപത്തുവച്ചാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.